പാലക്കാട്: മാസപ്പടിക്കേസിൽ സംസ്ഥാന സർക്കാർ ഇഡിയെ ദുരുപയോഗം ചെയ്തിട്ടില്ലെന്നു കായികമന്ത്രി ഒ.ജെ. ജനീഷ്. പാലക്കാട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിനെപ്പോലെ പ്രതിപക്ഷ എംഎൽഎമാരെ വേട്ടയാടാൻ ഇഡിയെ ഇങ്ങോട്ടു വിളിപ്പിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ജനീഷ് നീറോ ചക്രവർത്തിയെപ്പോലെയാണെന്ന ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പ്രസ്താവനയിൽ ചിന്തയുടെ പ്രയോഗം കൊള്ളാം എന്നായിരുന്നു ജനീഷിന്റെ പ്രതികരണം.
ഇഡിയുടെ കെണിയിൽ വീഴുന്ന അമിതാവേശം യുഡിഎഫ് സർക്കാരിനില്ലെന്നു ഷാഫി പറന്പിൽ എംപിയും ഒരു ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്കുപോകും. ഏതൊരു സർക്കാരും ചെയ്യുന്ന കാര്യങ്ങളേ യുഡിഎഫ് സർക്കാരും ചെയ്തിട്ടുള്ളൂ. ചാടിപ്പുറപ്പെട്ട് എഫ്ഐആർ ഇട്ടതല്ല. നിയമോപദേശം തേടിയാണു ചെയ്യേണ്ട കാര്യങ്ങൾ ചെയ്തത്. ഞങ്ങൾക്ക് ആരെയും കുടുക്കണമെന്ന ചിന്തയില്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ സിബിഐയെ വിളിച്ചുവരുത്തിയത് പിണറായി വിജയൻ ആണെന്നും ഷാഫി വ്യക്തമാക്കി.